തഫ്സീർ

ഉത്തരം: സൂറത്തുൽ ഫാതിഹഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. സർവ്വ വിശാലമായ കാരുണ്യമുള്ളവനും, അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (അല്ലാഹുവിന്). പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥനായ (അല്ലാഹുവിന്). നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (ഫാതിഹഃ: 1-7)
ഫാതിഹഃയുടെ വിശദീകരണം:

വിശുദ്ധ ഖുർആനിൻ്റെ പ്രാരംഭം ഫാതിഹഃ സൂറത്ത് കൊണ്ടാണ് എന്നതിനാലാണ് ഈ അർത്ഥം വരുന്ന ഫാതിഹഃ എന്ന പേര് ഈ അദ്ധ്യായത്തിന് നൽകപ്പെട്ടത്.

1- അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. അവനോട് ഞാൻ സഹായം തേടുകയും, അവൻ്റെ പേര് ഉച്ചരിച്ചു കൊണ്ട് ബറകത്ത് (അനുഗ്രഹം) തേടുകയും ചെയ്യുന്നു.

യഥാർത്ഥ ആരാധ്യൻ എന്നാണ് അല്ലാഹു എന്ന പേരിൻ്റെ അർത്ഥം. ഈ പേര് അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല.

അർ-റഹ്മാൻ എന്നാൽ സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ എന്നാണർത്ഥം.

അർ-റഹീം എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവൻ എന്നാണർത്ഥം.

2- എല്ലാ തരത്തിലുള്ള സ്തുതികളും നല്ല വാക്കുകളും അല്ലാഹുവിന് മാത്രമാകുന്നു.

3- അർ-റഹ്മാൻ എന്നാൽ സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ എന്നാണർത്ഥം. അർ-റഹീം എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവൻ എന്നാണർത്ഥം.

4- പ്രതിഫലനാൾ എന്നാൽ ഖിയാമത്ത് നാളാണ് ഉദ്ദേശ്യം.

5- "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു." അല്ലാഹുവേ! നിനക്ക് മാത്രമേ ഞങ്ങൾ ആരാധനകൾ നൽകുകയുള്ളൂ. നിന്നോട് മാത്രമേ ഞങ്ങൾ സഹായം ചോദിക്കുകയുള്ളൂ.

6- "ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ." ഇസ്ലാമിലേക്കും അഹ്ലുസ്സുന്നത്തിലേക്കും ഞങ്ങളെ നയിക്കേണമേ എന്നർത്ഥം.

7- "നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല." - നബിമാരുടെയും, അവരെ പിൻപറ്റിയ അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുടെയും വഴിയിലേക്ക് ഞങ്ങളെ നയിക്കേണമേ! നസ്വാറാക്കളുടെയോ യഹൂദരുടെയോ വഴികളിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ.

ഫാതിഹഃ ഓതിക്കഴിഞ്ഞാൽ 'ആമീൻ' എന്ന് പറയൽ സുന്നത്താണ്. അല്ലാഹുവേ! ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ! എന്നാണ് അതിൻ്റെ അർത്ഥം.

ഉത്തരം: സൂറതു സൽസലയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻ്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിൻ്റെ ഭാരങ്ങൾ പുറം തള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ. അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. നിൻ്റെ രക്ഷിതാവ് അതിന് ബോധനം നല്കിയത് നിമിത്തം. അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്. (സൽസലഃ: 1-8)
സൂറ. സൽസലയുടെ വിശദീകരണം:

1- "ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ - അതിൻ്റെ ഭയങ്കരമായ ആ പ്രകമ്പനം." ഭൂമി ശക്തിയായി പ്രകമ്പനം കൊണ്ടാൽ; അന്ത്യനാളിൽ സംഭവിക്കുന്ന കാര്യമാണിത്.

2- "ഭൂമി അതിൻ്റെ ഭാരങ്ങൾ പുറം തള്ളിയാൽ." ഭൂമിയിൽ മറമാടപ്പെട്ട മനുഷ്യരും മറ്റു വസ്തുക്കളും പുറത്തേക്ക് തള്ളപ്പെട്ടാൽ.

3- "അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ." - ഭൂമിക്കെന്താണ് സംഭവിച്ചത്? എന്തു കൊണ്ടാണ് ഇത് ഇളകിമറിയുന്നത് എന്ന് ജനങ്ങൾ അന്നേരം പറയും.

4- "അന്നേ ദിവസം അത് (ഭൂമി) അതിൻ്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്." ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.

5- "നിൻ്റെ രക്ഷിതാവ് അതിന് ബോധനം നല്കിയത് നിമിത്തം." കാരണം അല്ലാഹു അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും, അതിന് അറിവ് നൽകുകയും ചെയ്തിരിക്കുന്നു.

6- "അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്." ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അത് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്.

7- "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്." എത്ര ചെറിയ നന്മയും സൽകർമ്മവും ചെയ്തിട്ടുണ്ടെങ്കിൽ അവനത് തൻ്റെ കണ്മുന്നിൽ കാണുന്നതാണ്.

8- "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്." എന്തെങ്കിലുമൊരു തിന്മ -അതെത്ര ചെറുതാണെങ്കിലും- അവൻ തൻ്റെ കണ്മുന്നിൽ കാണുന്നതാണ്.

ഉത്തരം: സൂറത്തുൽ ആദിയാത്തിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം. അങ്ങനെ (കുളമ്പ് കല്ലിൽ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, എന്നിട്ട് പ്രഭാതത്തിൽ ആക്രമണം നടത്തുന്നവയും, അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും, അതിലൂടെ (ശത്രു) സംഘത്തിൻ്റെ നടുവിൽ പ്രവേശിച്ചവയും (കുതിരകൾ) തന്നെ സത്യം. തീർച്ചയായും മനുഷ്യൻ തൻ്റെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ. തീർച്ചയായും അവൻ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. തീർച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. എന്നാൽ അവൻ അറിയുന്നില്ലേ? ഖബ്റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താൽ, തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു. (ആദിയാത്ത്: 1-11)
വിശദീകരണം:

1- "കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം." - വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.

2- "അങ്ങനെ (കുളമ്പ് കല്ലിൽ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും." - പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.

3- "എന്നിട്ട് പ്രഭാതത്തിൽ ആക്രമണം നടത്തുന്നവയും." - പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

4- "അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും." - തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപറത്തിയിരിക്കുന്നു.

5- "അതിലൂടെ (ശത്രു) സംഘത്തിൻ്റെ നടുവിൽ പ്രവേശിച്ചവയും (കുതിരകൾ) തന്നെ സത്യം." - അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.

6- "തീർച്ചയായും മനുഷ്യൻ തൻ്റെ രക്ഷിതാവിനോട് നന്ദികെട്ടൻ തന്നെ." - തീർച്ചയായും മനുഷ്യൻ അവൻ്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ.

7- "തീർച്ചയായും അവൻ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു." - താൻ നന്മയോട് വളരെ തടസ്സം കാണിക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്; അത്ര വ്യക്തമാണ് അക്കാര്യം എന്നതിനാൽ അവനത് നിഷേധിക്കുക സാധ്യമല്ല തന്നെ.

8- "തീർച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു." - സമ്പത്തിനോടുള്ള അവൻ്റെ കഠിനമായ സ്നേഹം കാരണത്താൽ അവൻ പിശുക്കനായി തീർന്നിരിക്കുന്നു.

9- "എന്നാൽ അവൻ അറിയുന്നില്ലേ? ഖബ്റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും." - ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ, അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചതു പോലെയായിരിക്കില്ല കാര്യമെന്ന്?!

10- "ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താൽ," - ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഉദ്ദേശങ്ങളും വിശ്വാസങ്ങളും മറ്റും പുറത്തു കൊണ്ടു വരപ്പെടുകയും, വ്യക്തമാവുകയും ചെയ്താൽ;

11- "തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു." - തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.

ഉത്തരം: സൂറത്തുൽ ഖാരിഅഃയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

ഭയങ്കരമായ ആ സംഭവം. ഭയങ്കരമായ സംഭവം എന്നാൽ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന് നിനക്കറിയുമോ? മനുഷ്യർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! പർവ്വതങ്ങൾ കടഞ്ഞ ആട്ടിൻ രോമം പോലെയും അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ അവൻ്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്. (ഖാരിഅഃ: 1-11)
വിശദീകരണം:

1- "ഭയങ്കരമായ ആ സംഭവം." - ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.

2- "ഭയങ്കരമായ സംഭവം എന്നാൽ എന്താകുന്നു?" -ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം എന്താകുന്നു?

3- "ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന് നിനക്കറിയുമോ?" -അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് നിനക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്.

4- "മനുഷ്യർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!" -മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.

5- "പർവ്വതങ്ങൾ കടഞ്ഞ ആട്ടിൻ രോമം പോലെയും" -പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.

6- "അപ്പോൾ ഏതൊരാളുടെ തുലാസുകൾ ഘനം തൂങ്ങിയോ" -എന്നാൽ ഏതൊരാളുടെ നന്മയുടെ ഏടുകൾ അവൻ്റെ തിന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;

7- "അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും." -അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും.

8- "എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ" -എന്നാൽ ഏതൊരാളുടെ തിന്മയുടെ ഏടുകൾ അവൻ്റെ നന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;

9- "അവൻ്റെ സങ്കേതം ഹാവിയഃ ആയിരിക്കും." -അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.

10- "ഹാവിയഃ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?" -ഹേ റസൂൽ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

11- "ചൂടേറിയ നരകാഗ്നിയത്രെ അത്." -കടുത്ത ചൂടുള്ള നരകാഗ്നിയത്രെ അത്.

ഉത്തരം: സൂറത്തുൽ തകാഥുറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും. നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും നിസ്സംശയം, നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും. പിന്നെ തീർച്ചയായും നിങ്ങൾ അതിനെ ദൃഢമായും കണ്ണാൽ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. (തകാഥുർ: 1-8)
വിശദീകരണം:

1- "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു." - അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.

2- "നിങ്ങൾ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും." - നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ സന്ദർശിക്കുകയും ചെയ്യുന്നത് വരെ.

3- "നിസ്സംശയം, നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും." - അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിൻ്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

4- "പിന്നെയും നിസ്സംശയം നിങ്ങൾ വഴിയെ അറിഞ്ഞ് കൊള്ളും" - വീണ്ടും! നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

5- "നിസ്സംശയം, നിങ്ങൾ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കിൽ." - നിങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!

6- "ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും." - അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.

7- "പിന്നെ തീർച്ചയായും നിങ്ങൾ അതിനെ ദൃഢമായും കണ്ണാൽ കാണുക തന്നെ ചെയ്യും." - വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.

8- "പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും." - പിന്നീട് അല്ലാഹു നിങ്ങളോട് അന്നേ ദിവസം നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും -ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം- ചോദിക്കുക തന്നെ ചെയ്യും.

ഉത്തരം: സൂറത്തുൽ അസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

കാലം തന്നെയാണെ സത്യം. തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ (അസ്വ്'ർ: 1-3)
വിശദീകരണം:

1- "കാലം തന്നെയാണെ സത്യം." - അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു.

2- "തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു." - തീർച്ചയായും മനുഷ്യൻ നഷ്ടത്തിലും നാശത്തിലും തന്നെയാകുന്നു.

3- "വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ." - അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യത്തിലേക്ക് ക്ഷണിക്കുകയും അതിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്തവരൊഴികെ. ഈ വിശേഷണങ്ങൾ ഉള്ളവർ തങ്ങളുടെ ഐഹിക-പാരത്രിക ജീവിതങ്ങളിൽ വിജയിച്ചവരാണ്.

ഉത്തരം: സൂറതുൽ ഹുമസയിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു. നിസ്സംശയം, അവൻ ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിൻ്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് (ഹുമസഃ: 1-9)
വിശദീകരണം:

1- "കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാൾക്കും നാശം." - ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.

2- "അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്." - അവൻ്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.

3- "അവൻ്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു." - അവൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് അവനെ രക്ഷിക്കുകയും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.

4- "നിസ്സംശയം, അവൻ ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും." - ഈ വിഡ്ഢി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. കാഠിന്യം കാരണം വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന, നരകാഗ്നിയിൽ അവൻ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും.

5- "ഹുത്വമ എന്നാൽ എന്താണെന്ന് നിനക്കറിയാമോ?" - അല്ലാഹുവിൻ്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് അങ്ങേക്ക് അറിയുമോ?

6- "അത് അല്ലാഹുവിൻ്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു." - കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരകാഗ്നിയാകുന്നു അത്.

7- "ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ" - മനുഷ്യരുടെ ശരീരങ്ങൾ കത്തിക്കരിച്ചതിന് ശേഷം അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തും.

8- "തീർച്ചയായും അത് അവരുടെ മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും." - അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.

9- "നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്." - അതിൽ നിന്ന് പുറത്തു കടക്കാതിരിക്കാൻ നീട്ടിയുണ്ടാക്കപ്പെട്ട തൂണുകൾ മുഖേന ബന്ധിക്കപ്പെട്ടിരിക്കും.

ഉത്തരം: സൂറത്തുൽ ഫീലിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

ആനക്കാരെ നിൻ്റെ രക്ഷിതാവ് എന്തു ചെയ്തു എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന് പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു. അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി. (ഫീൽ: 1-5)
വിശദീകരണം:

1- "ആനക്കാരെ നിൻ്റെ രക്ഷിതാവ് എന്തു ചെയ്തു എന്ന് നീ കണ്ടില്ലേ?" - അല്ലാഹുവിൻ്റെ റസൂലേ! അബ്റഹതും ആനപ്പുറത്തേറി വന്ന അവൻ്റെ കൂട്ടാളികളും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിൻ്റെ രക്ഷിതാവ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ?!

2- "അവരുടെ തന്ത്രം അവന് പിഴവിലാക്കിയില്ലേ?" - കഅ്ബ തകർക്കാൻ വേണ്ടി അവർ മെനഞ്ഞ കുതന്ത്രം അല്ലാഹു വൃഥാവിലാക്കി. കഅ്ബയിൽ നിന്ന് ജനങ്ങളെ തിരിച്ചു കളയുക എന്ന അവരുടെ ഉദ്ദേശം അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല. (അല്ല!) ഒന്നും തന്നെ അവർക്കതിൽ നിന്ന് ലഭിച്ചില്ല.

3- "കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക് അവൻ അയക്കുകയും ചെയ്തു." - അവരുടെ നേർക്ക് പക്ഷികളെ അവൻ നിയോഗിച്ചു; അവ അവരിലേക്ക് കൂട്ടംകൂട്ടമായി പറന്നു ചെന്നു.

4- "അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു." - അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു.

5- "അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി." - അങ്ങനെ അല്ലാഹു അവരെ കന്നുകാലികൾ തിന്നുകയും ചവിട്ടി മെതിക്കുകയും ചെയ്ത ഇലകളെ പോലെയാക്കി.

ഉത്തരം: സൂറ. ഖുറൈശിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാൽ. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാൽ, ഈ ഭവനത്തിൻ്റെ രക്ഷിതാവിനെ അവർ ആരാധിച്ചുകൊള്ളട്ടെ. അതായത് അവർക്ക് വിശപ്പിന്ന് ആഹാരം നല്കുകയും, ഭയത്തിന് പകരം സമാധാനം നല്കുകയും ചെയ്തവനെ. (ഖുറൈശ്: 1-4)
ഫാതിഹഃയുടെ വിശദീകരണം:

1- "ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാൽ." - ഖുറൈശികളുടെ ശൈലിയും ഇണക്കവും കാരണത്താൽ.

2- "ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാൽ," - ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കുമുള്ള നിർഭയത്വത്തോടെയുള്ള അവരുടെ യാത്ര.

3- "ഈ ഭവനത്തിൻ്റെ രക്ഷിതാവിനെ അവർ ആരാധിച്ചുകൊള്ളട്ടെ." അവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിൻ്റെ രക്ഷിതാവിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ.

4- "അതായത് അവർക്ക് വിശപ്പിന്ന് ആഹാരം നല്കുകയും, ഭയത്തിന് പകരം സമാധാനം നല്കുകയും ചെയ്തവനെ." - അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയത്തിൽ നിന്ന് നിർഭയത്വം നൽകുകയും ചെയ്തവനായ -അറബികളുടെ മനസ്സിൽ പരിശുദ്ധ കഅ്ബയോടുള്ള ആദരവും അതിൻ്റെ ചുറ്റുപാടും താമസിക്കുന്നവരോട് ബഹുമാനവും നിശ്ചയിച്ച- അല്ലാഹുവിനെ.

ഉത്തരം: സൂറതുൽ മാഊനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

മതത്തെ വ്യാജമാക്കുന്നവൻ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. സാധുവിന് ഭക്ഷണം കൊടുക്കുവാൻ അവൻ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. എന്നാൽ നമസ്കാരക്കാർക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരായ പരോപകാര വസ്തുക്കൾ മുടക്കുന്നവരുമായവർക്ക് (മാഊൻ: 1-7)
വിശദീകരണം:

1- "മതത്തെ വ്യാജമാക്കുന്നവൻ ആരെന്ന് നീ കണ്ടുവോ?" - അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?

2- "അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്." - അനാഥന് അവൻ്റെ അവകാശം പരുഷമായി തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.

3- "സാധുവിന് ഭക്ഷണം കൊടുക്കുവാൻ അവൻ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല." - അവൻ സ്വന്തത്തെയോ മറ്റുള്ളവരെയോ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല.

4- "എന്നാൽ നമസ്കാരക്കാർക്കാകുന്നു നാശം." - നമസ്കാരക്കാർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ.

5- "തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ." - തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ. നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുന്നതു വരെ അവർ അതിനെ ഗൗനിക്കാതെ വിടുന്നതാണ്.

6- "ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരായ." - തങ്ങളുടെ നിസ്കാരം കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളെ കാണിക്കുന്നവർ; തങ്ങളുടെ പ്രവർത്തനങ്ങൾ അവർ അല്ലാഹുവിന് നിഷ്കളങ്കമാക്കുന്നില്ല.

7- "പരോപകാര വസ്തുക്കൾ മുടക്കുന്നവരുമായ." - ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ പോലും മറ്റുള്ളവർക്ക് അവർ കൊടുക്കുകയില്ല.

ഉത്തരം: സൂറതുൽ കൗഥറിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

തീർച്ചയായും താങ്കൾക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു. ആകയാൽ നീ നിൻ്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ). (കൗഥർ: 1-3)
വിശദീകരണം:

1- "തീർച്ചയായും താങ്കൾക്ക് നാം ധാരാളം നേട്ടം നല്കിയിരിക്കുന്നു." അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.

2- "ആകയാൽ നീ നിൻ്റെ രക്ഷിതാവിന് വേണ്ടി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക." അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയറുപ്പിക്കുന്നതിന് കടകവിരുദ്ധമായിരിക്കണം നിൻ്റെ ബലി.

3- "തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ)." നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവൻ്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.

ഉത്തരം: സൂറതുൽ കാഫിറൂനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ

(നബിയേ,) പറയുക: (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരേ! നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ. ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എൻ്റെ മതവും. (കാഫിറൂൻ: 1-6)
ഫാതിഹഃയുടെ വിശദീകരണം:

1- "(നബിയേ,) പറയുക: (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരേ!" - അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!

2- "നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല." - ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.

3- "ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല." - ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.

4- "നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ." - നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.

5- "ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല." - ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.

6- "നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എൻ്റെ മതവും." - നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്ക്! എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി.

ഉത്തരം: സൂറത്തുൽ നസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നുകിട്ടിയാൽ. ജനങ്ങൾ അല്ലാഹുവിൻ്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ. നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (നസ്വ്'ർ: 1-3)
വിശദീകരണം:

1- "അല്ലാഹുവിൻ്റെ സഹായവും വിജയവും വന്നുകിട്ടിയാൽ." അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.

2- "ജനങ്ങൾ അല്ലാഹുവിൻ്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ." - ജനങ്ങൾ ഇസ്ലാമിലേക്ക് ഒരോരോ നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ.

3- "നിൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം താങ്കൾ അവനെ പ്രകീർത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു." - (അത് സംഭവിച്ചാൽ) നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെ അടയാളമാണത് എന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ.

ഉത്തരം: സൂറതുൽ മസദിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവൻ്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ കടന്നെരിയുന്നതാണ്. വിറകുചുമട്ടുകാരിയായ അവൻ്റെ ഭാര്യയും. അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. (മസദ്: 1-5)
വിശദീകരണം:

1- "അബൂലഹബിൻ്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു." - നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അവന്റെ രണ്ട് കൈകളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

2- "അവൻ്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല." - അവൻ്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കുകയോ, അവൻ്റെ കാരുണ്യം നേടിക്കൊടുക്കുകയോ ചെയ്തില്ല.

3- "തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്." - ഖിയാമത്ത് നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അതിൻ്റെ കടുത്ത ചൂട് അവൻ അനുഭവിക്കുകയും ചെയ്യും.

4- "വിറകുചുമട്ടുകാരിയായ അവൻ്റെ ഭാര്യയും." - അവൻ്റെ ഭാര്യ -ഉമ്മു ജമീലും- (കത്തിയെരിയുന്ന തീജ്വാലകളുള്ള) നരകത്തിൽ പ്രവേശിക്കുന്നതാണ്. നബി-ﷺ-യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു.

5- "അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും." - കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ പിടിച്ച് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്.

ഉത്തരം: സൂറത്തുൽ ഇഖ്'ലാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു. അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും (ഇഖ്'ലാസ്: 1-4)
വിശദീകരണം:

1- "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു." - പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- അവനാകുന്നു അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.

2- "അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു." - പൂർണതയുടെയും ഭംഗിയുടെയും എല്ലാ വിശേഷണങ്ങളും അതിൻ്റെ ഏറ്റവും മഹത്വത്തോടെയും ഉയർച്ചയോടെയും ഉള്ളവനായ 'സയ്യിദ്' ആണ് അല്ലാഹു. എല്ലാ സൃഷ്ടികളും അവനിലേക്ക് ആശ്രയം തേടുന്നു.

3- "അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല." - അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. ആരുടെയും മകനുമല്ല അവൻ. അവന് സന്താനവുമില്ല; പിതാവുമില്ല.

4- "അവന്ന് തുല്യനായി ആരും ഇല്ലതാനും." - അവനോട് തുല്യനായ ഒരാളും തന്നെ അവൻ്റെ സൃഷ്ടികളിലില്ല.

ഉത്തരം: സൂറത്തുൽ ഫലഖിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

പറയുക:
മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും. കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും. (ഫലഖ്: 1-5)
വിശദീകരണം:

1- "പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു." - പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനോട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

2- "അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്." - ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്.

3- "ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും." - രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്നും - വിഷജന്തുക്കൾ, കള്ളന്മാർ തുടങ്ങിയവ - ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.

4- "കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും." - കെട്ടുകളിൽ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയിൽ നിന്നും.

5- "അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും." - അസൂയക്കാരൻ തൻ്റെ അസൂയ കാരണത്താൽ ചെയ്യുന്ന ഉപദ്രവങ്ങളിൽ നിന്നും. അല്ലാഹു ജനങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളുടെ പേരിൽ അവന് അവരോട് അസൂയയാണ്. അങ്ങനെ അവരോട് അവൻ വിദ്വേഷം വെച്ചുപുലർത്തുന്നു. അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഇല്ലാതാകണമെന്നും അവർക്ക് പ്രയാസങ്ങൾ വന്നുഭവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു.

ഉത്തരം: സൂറ. നാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

പറയുക:
മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ സാക്ഷാൽ ആരാധ്യനോട്. ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ. മനുഷ്യരിലും ജിന്നുകളിലും പെട്ടവർ. (നാസ്: 1-6)
വിശദീകരണം:

1- "പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു." - പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനോട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

2- "മനുഷ്യരുടെ രാജാവിനോട്." - ജനങ്ങളുടെ കാര്യത്തിൽ ഉദ്ദേശം പോലെ കൈകാര്യകർതൃത്വം നിർവ്വഹിക്കുന്ന, ജനങ്ങളുടെ രാജാവിനോട്. മനുഷ്യർക്ക് അവനല്ലാതെ മറ്റൊരു രാജാധിരാജനില്ല.

3- "മനുഷ്യരുടെ ആരാധ്യനോട്." - അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.

4- "ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽ നിന്ന്." - അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധമായാൽ ദുർമന്ത്രണം നടത്തുന്ന പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന്. അല്ലാഹുവിനെ സ്മരിച്ചാൽ അതിൽ നിന്ന് പിന്മാറുന്നവനുമാണവൻ.

5- "മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ." - മനുഷ്യരുടെ ഹൃദയങ്ങളിൽ അവൻ തൻ്റെ ദുർബോധനം ഇട്ടുകൊടുക്കുന്നു.

6- "മനുഷ്യരിലും ജിന്നുകളിലും പെട്ടവർ." - ജിന്നുകളിൽ പിശാച് ഉള്ളതു പോലെ മനുഷ്യരിലും പിശാചുക്കൾ ഉണ്ട്.